Search This Blog

Sunday, September 4, 2016

MANORAMA EDITORIEL - അല്ല, എല്ലാ ഡോക്ടർമാരും അങ്ങനെയല്ല.- Jan Aushadhi Kottiyam





പാവങ്ങളായ രോഗികൾക്ക് എംആർപിയിലും കുറച്ചു മരുന്നുകൾ കൊടുക്കാനായി ഇടപെടുന്ന ഡോക്ടർമാർ ഒട്ടേറെയുണ്ട്. അവർ ചോദിക്കുന്നു: കബളിപ്പിക്കാനായി തങ്ങൾ നാടകം കളിക്കുകയാണെന്നു രോഗികൾ ഇനി ആരോപിക്കില്ലേ? പുതിയ മരുന്നു കൊടുക്കുമ്പോൾ പരീക്ഷിച്ചു പഠിക്കാനുള്ള തന്ത്രമാണെന്നു കുറ്റപ്പെടുത്തില്ലേ? ഏതു ചെറിയ രോഗസാധ്യത പോലും കണ്ടെത്താനായി ടെസ്റ്റുകൾ എഴുതിക്കൊടുക്കുമ്പോൾ കാശുണ്ടാക്കാനാണിതെന്നു സംശയിക്കില്ലേ?

ശരിയാണ്, ന്യൂനപക്ഷം ഡോക്ടർമാർ ചെയ്യുന്ന കൊള്ളരുതായ്മകളുടെ പേരിൽ, ചില ആശുപത്രി മാനേജ്മെന്റുകളുടെ കുതന്ത്രങ്ങളുടെ പേരിൽ എല്ലാവരും പ്രതിക്കൂട്ടിലാകുന്ന അവസ്ഥ. ഇതിനു പരിഹാരം കാണാൻ ഒറ്റവഴിയേ ഉള്ളൂ, കൂടയിലെ ചീഞ്ഞ പഴങ്ങൾ കണ്ടെത്താനും ദൂരെക്കളയാനും ഒരുമിച്ചു യത്നിക്കുക.

ഡോക്ടർമാർക്കും പ്രയാസങ്ങളുണ്ട്

ഒരു ദിവസം ഒരു ഡോക്ടർക്കു നോക്കേണ്ടി വരുന്നതു നൂറുകണക്കിനു രോഗികളെയാണ്. ശസ്ത്രക്രിയകളുടെയും മറ്റു പ്രൊസീജറുകളുടെയുമെല്ലാം എണ്ണം അതുപോലെ തന്നെ വളരെ കൂടുതൽ. ഇതുമൂലം ഡോക്ടർമാർക്കുണ്ടാകുന്ന സമ്മർദങ്ങൾ ആരുടെയും കണ്ണിൽപ്പെടുന്നില്ലെന്ന് അവർ പറയുന്നു.

പല സന്ദർഭങ്ങളിലും രോഗി മരിക്കുകയോ രോഗം കൂടുകയോ ചെയ്താൽ ഡോക്ടർമാരെ ആക്രമിക്കുന്നതും ആശുപത്രി തല്ലിപ്പൊളിക്കുന്നതും പതിവായിരിക്കുന്നു. പല കേസുകളിലും ഡോക്ടർക്ക് അൽപം പോലും തെറ്റു പറ്റിയിട്ടുണ്ടാകില്ല. രോഗത്തിന്റെ ഗുരുതരാവസ്ഥ കൊണ്ടു തന്നെയാകണം മരണം സംഭവിച്ചിരിക്കുക. എങ്കിലും ഇതു മനസ്സിലാക്കാതെ ആളുകൾ കൂട്ടമായി അക്രമം അഴിച്ചുവിടുകയും ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണിപ്പോൾ. പൂർണമായും ഒഴിവാക്കേണ്ട പ്രവണതയാണിത്. ഡോക്ടർമാരും മനുഷ്യരാണെന്നോർക്കുക. ചികിൽസാ പിഴവാണെന്നു ബോധ്യമുണ്ടെങ്കിൽ നിയമപരമായി പ്രശ്നത്തെ നേരിടുക.

സർക്കാർ ആശുപത്രികൾ: മാതൃകകളുമുണ്ട് ഏറെ

സ്വകാര്യമേഖലയിലെ ഉയർന്ന ചികിൽസാചെലവിനെപ്പറ്റി പരാതിപ്പെടുമ്പോൾ, സർക്കാർ മേഖലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുണ്ടെന്നതും അറിഞ്ഞിരിക്കണം.

കേരളത്തിൽ ആദ്യമായി സർക്കാർ ആശുപത്രിയിൽ, വളരെ കുറഞ്ഞ ചെലവിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ മികവിന്റെ പട്ടികയിലുള്ള ചില ആശുപത്രികളെപ്പറ്റി അറിയുക.

എൻഎബിഎച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്കെയർ പ്രൊവൈഡേഴ്സ്) അക്രഡിറ്റേഷൻ ലഭിച്ച തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മികച്ച രീതിയിൽ അവയവമാറ്റ ശസ്ത്രക്രിയാ സംവിധാനവും ആരംഭിച്ചുകഴിഞ്ഞു.

കേരളത്തിലെ മികച്ച താലൂക്ക് ആശുപത്രിയാണു കൊല്ലത്തെ പുനലൂരിലുള്ളത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്സലൻസ് അവാർഡ് നാലുതവണ നേടി. വേദനരഹിത പ്രസവ സൗകര്യവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന പാഥേയം പദ്ധതിയുമുണ്ട്.

പത്തനംതിട്ട ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് കേരളത്തിൽ ആദ്യം ഐഎസ്ഒ സാക്ഷ്യപത്രം ലഭിച്ചത്. മികച്ച സൗകര്യങ്ങൾ. ആഴ്ചയിൽ ഒരു ദിവസം ആയുർവേദ ഡോക്ടറുടെയും ഒരു ദിവസം ഹോമിയോ ഡോക്ടറുടെയും സേവനം. യോഗാ കേന്ദ്രവും ജിംനേഷ്യം സൗകര്യവും. പ്രതിരോധ കുത്തിവയ്പ് എടുക്കാനെത്തുന്ന കുട്ടികൾക്കു പാർക്കുമുണ്ട്.

അമ്മത്തൊട്ടിൽ, നിയോനേറ്റൽ കെയർ, സിടി സ്കാൻ, അലഞ്ഞുതിരിയുന്ന സ്ത്രീകൾക്കു സഹായം, വിവിധ സ്പെഷ്യൽറ്റികൾകോട്ടയം ജനറൽ ആശുപത്രി മികവിന്റെ പാതയിൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയ നടക്കുന്നത് ഇവിടെ. മൃതസഞ്ജീവനി പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടക്കുന്നതു കോട്ടയം മെഡിക്കൽ കോളജിൽ. പാമ്പാടി താലൂക്ക് ആശുപത്രി വൃത്തിയുടെ കാര്യത്തിൽ ഏറെ മുന്നിൽ.

അത്യാഹിത വിഭാഗം, ഡയാലിസിസ് യൂണിറ്റ്, കാൻസർ ചികിത്സാ വിഭാഗം, സാന്ത്വനപരിചരണം എന്നിവയുണ്ട് ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ. കീമോതെറപ്പി യൂണിറ്റ് ഉടൻ. 12 സ്പെഷ്യൽറ്റികൾ.

കാത്ത് ലാബ്, ഡയാലിസിസ് കേന്ദ്രം, കാൻസർ ചികിൽസാ കേന്ദ്രം, പാലിയേറ്റീവ് കെയർ സൗകര്യം എന്നിവ എറണാകുളം ജില്ലാ ആശുപത്രിയിൽ. എൻഎബിഎച്ച് അക്രഡിറ്റേഷൻ. ശുചിത്വത്തിൽ നൂറിൽ നൂറു നേടി കായകൽപ് പുരസ്കാരം സ്വന്തമാക്കി. അതിനൂതന കാൻസർ ചികിൽസാ സൗകര്യമായ ലീനിയർ ആക്സിലറേറ്റർ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ നൂതന കാത്ത് ലാബ് മികച്ചത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ ഉൾപ്പെടെയുള്ള ചികിൽസാ സംവിധാനങ്ങളെല്ലാമുണ്ട്.

മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയും മലപ്പുറം താലൂക്ക് ആശുപത്രിയും മികച്ചത്. എൻആർഎച്ച്എം സർവേയിൽ മികച്ച രണ്ടാമത്തെ ആശുപത്രിക്കുള്ള പുരസ്കാരം പെരിന്തൽമണ്ണയ്ക്ക്. സർക്കാർ ആശുപത്രികളിൽ അപൂർവമായ സൗന്ദര്യവർധക (കോസ്മെറ്റിക്) ക്ലിനിക് മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഉടൻ.

കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരു രോഗി എത്തിയാൽ 20 മിനിറ്റിനകം സേവനം ഉറപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിൽ രക്തബാങ്കിനും രക്തഘടക വേർതിരിവ് യൂണിറ്റിനും ലൈസൻസുള്ള ഏക ആശുപത്രി. ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നതു കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ. മെഡിക്കൽ കോളജിലെ സാന്ത്വന പരിചരണ യൂണിറ്റിനു രാജ്യാന്തരതലത്തിൽവരെ അംഗീകാരം. വടകരയിലെ ജില്ലാ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് നൽകുന്ന ധന്വന്തരി നിധി സമാഹരണ കൂട്ടായ് രാജ്യത്തിനുതന്നെ മാതൃക.

വയനാട് കേണിച്ചിറ പിഎച്ച്സി പരിമിതികളിലും നന്നായി പ്രവർത്തിക്കുന്നു. ആദിവാസി സ്ത്രീകളുടെ പ്രസവം, നവജാത ശിശുക്കളുടെ ആരോഗ്യം, കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്.

എൻഎബിഎച്ച് എൻട്രി ലെവൽ അക്രഡിറ്റേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യ ജില്ലാ ആശുപത്രി കണ്ണൂരിലേത്. 17 ഡയാലിസിസ് യൂണിറ്റുകൾ. കാൻസർ കെയർ യൂണിറ്റ്, ഡി അഡിക്ഷൻ സെന്റർ, എച്ച്ഐവി ചികിൽസാ കേന്ദ്രം, കൗമാരക്കാർക്കുള്ള കൗൺസലിങ് കേന്ദ്രം, അത്യാധുനിക സൗകര്യങ്ങളുള്ള പ്രസവവാർഡ്, റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന ഡെലിവറി ടേബിളുകൾ, മികച്ച ലാബ്.

കാസർകോട് ജില്ലാ ആശുപത്രി മികച്ച ആശുപത്രിക്കുള്ള കേന്ദ്രസർക്കാരിന്റെ കായകൽപ് പുരസ്കാരം നേടി.

പട്ടികയിൽപെടുത്തേണ്ട സർക്കാർ സ്ഥാപനങ്ങൾ ഇനിയുമുണ്ട്. നല്ല ഡോക്ടർമാരുടെ സേവനതാൽപര്യമാണ് ഇവയെ മികവിന്റെ പാതയിൽ എത്തിച്ചത്.

ചികിൽസാ സഹായങ്ങൾ ഒട്ടേറെയുണ്ട്

മികച്ച ആശുപത്രികൾക്കു പുറമെ സർക്കാരിന്റെ വിവിധ വകുപ്പുകൾക്കു കീഴിൽ ചികിൽസാ സഹായം നൽകുന്ന ഒട്ടേറെ പദ്ധതികളും ഉണ്ട്.

കാരുണ്യ ബെനവലന്റ് ഫണ്ട്.

ഹൃദ്രോഗം, ഹീമോഫീലിയ, വൃക്കതലച്ചോർകരൾ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിൽസയ്ക്കും സാന്ത്വന പരിചരണത്തിനും ശസ്ത്രക്രിയയ്ക്കും രണ്ടു ലക്ഷം രൂപവരെ ധനസഹായം.  ബിപിഎൽ വിഭാഗക്കാർക്കും മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ള എപിഎൽ വിഭാഗക്കാർക്കും അപേക്ഷിക്കാം.

ആർഎസ്ബിവൈചിസ്

രാഷ്ട്രീയ സ്വാസ്ത്യ ഭീമ യോജനകോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് സ്കീം. കേന്ദ്രസംസ്ഥാന സർക്കാരുകളുടേതാണു പദ്ധതി.

കാൻസർ സുരക്ഷ

സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി. 18 വയസ്സിനു താഴെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്കു സൗജന്യ ചികിൽസ.

താലോലം

18 വയസ്സിനു താഴെയുള്ളവർക്കു ചികിൽസകൾക്കു സഹായം.

ശ്രുതിതരംഗം

അഞ്ചു വയസ്സു വരെയുള്ളവർക്കു കോക്ലിയർ ഇംപ്ലാന്റേഷൻ പൂർണസൗജന്യം. രണ്ടു ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

വയോമിത്രം 

65 വയസ്സിനു മുകളിലുള്ളവർക്കു മൊബൈൽ ക്ലിനിക്കുകളിലൂടെ സൗജന്യ ചികിൽസ, സൗജന്യ മരുന്ന്, കൗൺസലിങ്.

സമാശ്വാസം

തുടർച്ചയായി ഡയാലിസിസ് നടത്തേണ്ടി വരുന്ന ബിപിഎൽ കുടുംബങ്ങളിലെ വൃക്കരോഗികൾക്കു പ്രതിമാസം 1100 രൂപ.

ഫ്രീ ഡയഗ്നോസ്റ്റിക് ഇനീഷ്യേറ്റീവ്

നാഷനൽ ഹെൽത് മിഷന്റെ കീഴിലെ പദ്ധതി. 60% കേന്ദ്ര ഫണ്ടും 40% സംസ്ഥാന സർക്കാർ ഫണ്ടും.  പാവപ്പെട്ടവർക്കു സൗജന്യ രക്തപരിശോധന.  പല ഘട്ടങ്ങളായി സംസ്ഥാനങ്ങളിൽ നടപ്പാക്കിവരികയാണ്.

ഇതിനു പുറമേ, തൊഴിൽവകുപ്പിനു കീഴിലും വിവിധ ചികിൽസാ സഹായ പദ്ധതികൾ നിലവിലുണ്ട്. 32 സർക്കാർ വകുപ്പുകൾക്കു കീഴിൽ വിവിധ തരത്തിലുള്ള ചികിൽസാ ഇളവുകൾ നൽകുന്ന പദ്ധതികളും ഉണ്ട്.

അറിയൂ, രോഗികൾക്കുമുണ്ട് അവകാശങ്ങൾ

പ്രായപൂർത്തിയായ രോഗിക്കു തന്റെ രോഗത്തെയും അതിനുള്ള വിവിധ ചികിൽസാ മാർഗങ്ങളെയും കുറിച്ച് അറിയാനും സ്വയം തീരുമാനമെടുക്കാനുമുള്ള അവകാശമുണ്ട്.

ശസ്ത്രക്രിയകൾക്കും മറ്റും മുൻപായി രോഗിയുടെ സമ്മതപത്രം വാങ്ങണം. ചെയ്യാൻ പോകുന്ന ശസ്ത്രക്രിയയെക്കുറിച്ചും ഇതര ചികിൽസാ മാർഗങ്ങളുണ്ടെങ്കിൽ അവയെക്കുറിച്ചും ഡോക്ടർ രോഗിയോടു വിശദമായി സംസാരിക്കണം.

അബോധാവസ്ഥയിലോ അടിയന്തരസ്ഥിതിയിലോ ആശുപത്രിയിൽ എത്തിച്ചതാണെങ്കിൽ ഇതു പ്രായോഗികമല്ല.

ചികിൽസാ വിവരങ്ങൾ രോഗിയുടെ സമ്മതം കൂടാതെ പരസ്യപ്പെടുത്തരുത്.

ഇവ കുറ്റകരമാണ്: രോഗികൾക്കു ചികിൽസയ്ക്കിടെ ഉണ്ടായേക്കാവുന്ന ആപത്തുകൾക്കെതിരെ മുൻകരുതലെടുക്കാത്തത്, ചികിൽസാ പിഴവു സംഭവിച്ചാൽ രോഗിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ മറച്ചു വയ്ക്കുന്നത്, ചികിൽസാ പിഴവു മൂലം രോഗിക്കുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും അത് അവഗണിച്ചു ചികിൽസ വൈകിപ്പിച്ചു നില ഗുരുതരമാക്കുന്നത്, മരണത്തിലേക്കു നയിക്കുന്നത്. ഇതെല്ലാം സാഹചര്യങ്ങൾക്കനുസരിച്ച് ഐപിസി 336, 337, 338, 304 വകുപ്പുകൾ പ്രകാരം ക്രിമിനൽ കുറ്റമാണ്.

ചികിൽസാരേഖകൾ മൂന്നുവർഷം വരെ സൂക്ഷിച്ചുവയ്ക്കണം. രോഗിയോ അടുത്ത ബന്ധുക്കളോ ലീഗൽ അതോറിറ്റിയോ ആവശ്യപ്പെട്ടാൽ എല്ലാ മെഡിക്കൽ റിപ്പോർട്ടിന്റെയും പകർപ്പ് 72 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും വേണം.

മെഡിക്കൽ രംഗത്തെ ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ പെടുത്തിയതു മുതൽ പരാതികളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും പലതും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനോ രോഗിയുടെയും ബന്ധുക്കളുടെയും വേദനകൾക്കു പരിഹാരം കണ്ടെത്താനോ ആയിട്ടില്ല. ചികിൽസാ പിഴവുണ്ടെന്നു മറ്റൊരു വിദഗ്ധ ഡോക്ടർ സാക്ഷ്യപ്പെടുത്തണമെന്നതടക്കമുള്ള പല ചട്ടങ്ങളും സാധാരണക്കാർക്കു കടമ്പകളാണ്.

മെഡിക്കൽ നെഗ്ലിജെൻസ് (ചികിൽസാ പിഴവ്) നിർണയിക്കുന്ന മൂന്നു പ്രധാന ഘടകങ്ങൾ ഇവയാണ്.

1. നിലവാരമുള്ളതും ശ്രദ്ധയോടുകൂടിയതുമായ ചികിൽസയാണോ നൽകിയത് ?

2. ചികിൽസ നൽകുന്നതിൽ വീഴ്ചയുണ്ടായോ?

3. അതുമൂലം മരണമോ അംഗവൈകല്യമോ പരുക്കുകളോ കഷ്ടനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ?

പരമ്പര അവസാനിച്ചു
BY MANORAMA





http://www.manoramaonline.com/news/editorial/medical-series-last-part-03-09-2016.html

No comments:

Post a Comment